തൃശ്ശൂർ: കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട തൃശ്ശൂരിൽ നടത്തി. പിടിയിലായത് കണ്ണൂർ പയ്യന്നൂർ സ്വദേശി. ഇയാളിൽ നിന്ന് രണ്ടരക്കിലോ എംഡിഎംഎ. പിടിച്ചെടുത്തു. കണ്ണൂർ പയ്യന്നൂർ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിൻ്റെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇയാളിൽനിന്ന് 9000 എം.ഡി.എം.എ. ഗുളികകൾ കണ്ടെടുത്തതായാണ് വിവരം. കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയാണിതെന്നും പോലീസ് പറയുന്നു.
തൃശ്ശൂർ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് നടക്കുന്നതായി കഴിഞ്ഞദിവസം പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്‌ച രാത്രി ഒല്ലൂരിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഫാസിലിനെ പിടികൂടിയത്. എറണാകുളത്തുനിന്ന് കാറിൽ തൃശ്ശൂരിലേക്ക് വരികയായിരുന്നു പ്രതി. കാറിൽനിന്ന് ഏതാനും എം.ഡി.എം.എ. ഗുളികകൾ കണ്ടെടുത്തു. പിന്നാലെ ഇയാളുടെ ആലുവയിലെ വീട്ടിൽ നടത്തിയ പരിശോധനയിലും നിരവധി മയക്കുമരുന്ന് ഗുളികൾ പിടിച്ചെടുത്തു. ഇവയെല്ലാംകൂടി രണ്ടരക്കിലോ തൂക്കം വരുമെന്നാണ് പോലീസ് നൽകുന്നവിവരം.
പിടിയിലായ ഫാസിൽ എം.ഡി.എം.എ.യുടെ മൊത്തവിതരണക്കാരനാണ്. ഗോവയിൽനിന്ന് വൻതോതിൽ എം.ഡി.എം.എ. എത്തിച്ച് നാട്ടിൽ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ കണ്ണൂരിലെ വീട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയിക്കാനായി തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ ബുധനാഴ്ച വാർത്താസമ്മേളനവും വിളിച്ചുചേർത്തിട്ടുണ്ട്.
Fazil from Payyannoor was arrested in Thrissur with 2.5 kg of MDMA. 9000 tablets were seized.